എഡിഎമ്മിൻ്റെ മരണത്തിൽ കളക്ടർക്കെതിരെ പ്രതിഷേധം ശക്തമാവുന്നു; മാർച്ച് തടഞ്ഞ് പൊലീസ്, കളക്ടറുടെ മൊഴിയെടുത്തു

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കളക്ടർക്ക് പങ്കുണ്ടെന്നാരോപിച്ച് കണ്ണൂർ കളക്ടറേറ്റിലേക്ക് യുവമോർച്ചയുടേയും കെഎസ് യുവിന്റേയും പ്രതിഷേധം. കളക്ടറേറ്റിന് മുന്നിൽ പൊലീസ് സംരക്ഷണം ഒരുക്കിയെങ്കിലും യുവമോർച്ചയുടെ പ്രവർത്തകർ ​ഗേറ്റിനടുത്തേക്ക് ഇരച്ചെത്തുകയായിരുന്നു. ഇവരെ പൊലീസ് തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലം പ്രയോ​ഗിച്ചാണ് നീക്കിയത്. ജില്ലാ കളക്ടറെ കണ്ട് സംസാരിച്ചതിനു ശേഷമേ മടങ്ങുകയുള്ളൂ എന്ന നിലപാടിലായിരുന്നു പ്രവർത്തർ. കളക്ടർ സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

യുവമോർച്ചയുടെ പ്രതിഷേധത്തിന് ശേഷമാണ് കെഎസ്‌യു പ്രതിഷേധം ഉണ്ടായത്. കളക്ടർ ചുമതലയിൽ നിന്ന് ഒഴിയുന്നതുവരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് കെഎസ്‍യുവിൻ്റെ നിലപാട്. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ നീക്കാൻ ശ്രമിച്ചെങ്കിലും കളക്ടറേറ്റ് കോമ്പൗണ്ടിനുള്ളിൽ കയറിയിരുന്ന് കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചു.

അതിനിടെ, ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ഗീത കണ്ണൂർ കളക്ടറേറ്റിലെത്തി കളക്ടറുടെ മൊഴിയെടുത്തു. എഡിഎമ്മിന്റെ മരണത്തിൽ വസ്തുത അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ശേഷം യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത രണ്ട് ഡെപ്യൂട്ടി കളക്ടർമാരുടെയും ജീവനക്കാരുടെയും സ്റ്റാഫ് കൌൺസിൽ അംഗങ്ങളുടെയും മൊഴിയെടുത്തു. അതേസമയം, എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. നവീൻ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണിത്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻറെ മകൻ ഗിരീഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇവർ തമ്മിൽ കണ്ടുമുട്ടിയെന്ന് വരുത്തിത്തീർക്കാനുള്ള വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണ്. നാലാം തിയ്യതി ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസിൽ കുടുക്കാനാണ്. പെൻ്റിം​ഗ് ഫയലുകളെല്ലാം തീർത്താണ് ഇറങ്ങുന്നതെന്ന് ചേട്ടൻ പറഞ്ഞിരുന്നു. എല്ലാം ഒപ്പിട്ട് വൃത്തിയാക്കിയാണ് മടങ്ങാൻ ആ​ഗ്രഹിച്ചതെന്നും ഗിരീഷ് കുമാർ പറഞ്ഞു. എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യം. ഇന്നാണ് ഈ ദൃശ്യം പുറത്തുവന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp