എമർജിങ്ങ് ഏഷ്യാ കപ്പിൽ ഹോങ്ങ് കോങ്ങിനെ 34 റൺസിന് ഓൾ ഔട്ടാക്കി ഇന്ത്യ എ. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
അണ്ടർ 19 ലോകകപ്പിലെ താരം ശ്വേത സെഹ്‌രാവത്തിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിൽ അണ്ടർ 19 താരങ്ങളാണ് കൂടുതലും കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹോങ്ങ് കോങ്ങിനായി 14 റൺസ് നേരിയ മരികോ ഹിൽ മാത്രമാണ് ഇരട്ടയക്കം കണ്ടെത്തിയത്. ഇന്ത്യക്കായി ആർസിബി താരം ശ്രേയങ്ക പാട്ടീൽ മൂന്ന് ഓവറിൽ രണ്ട് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ ശ്വേത സെഹ്‌രാവതിനെ വേഗം നഷ്ടമായെങ്കിലും ഉമ ഛേത്രി (15 പന്തിൽ 16), ഗൊങ്ങാഡി ട്രിഷ (13 പന്തിൽ 19) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ഈ മാസം 15ന് നേപ്പാളിനെതിരെയും 17ന് പാകിസ്താനെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.