എയർ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് നയിച്ച സമീർ എന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്. എന്നാൽ തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസിൽ വയ്ക്കുന്ന എയർ ഗൺ ആണെന്നും ഇതുകൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്നും, കുട്ടികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് തോക്കെടുത്തതെന്നും സമീർ പറഞ്ഞു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വിഡിയോ ആയിരുന്നു തോക്കുമായി കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്ന രക്ഷകർത്താവിന്റെ വിഡിയോ. നാഷ്ണൽ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റ് കൂടിയായ സമീർ ആണ് തോക്കുമായി മുന്നിൽ നടന്ന് കുട്ടികളെ നയിച്ചത്. തെരുവ് നായകളെ പേടിച്ച് മദ്രസയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടികളെ താൻ ഒപ്പം വരാമെന്ന് പറഞ്ഞ് ധൈര്യം നൽകിയാണ് മദ്രയിൽ കൊണ്ടുപോയതെന്നും ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെന്നും സമീർ പറഞ്ഞു. ‘ആ എയർ ഗൺ കൊണ്ട് വെടിവച്ചാൽ നായ ചാവില്ല. അത് വീട്ടിലെ ഷോ കേസിൽ വയ്ക്കുന്ന കളിതോക്കാണ്. ഞാൻ കാലപം സൃഷ്ടിച്ചുവെന്ന് പറയുന്നു. എന്റെ 8 വയസുകാരിയായ മകളെയും ആറ് ഏഴും വയസുള്ള അയൽവാസികളായ കുട്ടികളേയും കൂട്ടിയാണ് പോയത്. പട്ടിയെ പേടിയായതുകൊണ്ട് മദ്രസയിൽ പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ മക്കളേ ഞാൻ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കുഞ്ഞുങ്ങളെയും കൊണ്ടുപോയത്. എന്റെ മകൻ അത് വീഡിയോ എടുത്തു. അത് വൈറലായി ഇപ്പോൾ കേസുമായി. എയർ ഗൺ ആയതുകൊണ്ട് കേസാവില്ലെന്നാണ് കരുതിയരുന്നത്’- സമീർ വ്യക്തമാക്കി.