കൊച്ചി: പിറവത്ത് അതിഥിത്തൊഴിലാളി പട്ടിക്കൂട്ടിൽ താമസിക്കുന്നെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ സർക്കാർ ഇടപെടൽ. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. ലേബർ കമ്മീഷണർക്കാണ് നിർദേശം. ശ്യാം സുന്ദർ എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പട്ടിക്കൂട്ടിൽ 500 രൂപ മാസവാടകക്ക് താമസിച്ചിരുന്നത്. ഇതുസംബന്ധിച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്.
വാര്‍ത്തയെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് അതിഥി തൊഴിലാളിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതരും വ്യക്തമാക്കിയിരുന്നു. പ്രദേശവാസികൾ പറഞ്ഞതനുസരിച്ചാണ് പിറവം പട്ടണത്തിനടുത്തുളള വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തിയത്. നാട്ടിലെ പ്രമാണിയുടെ പഴയ വീടിന് സമീപത്തെ പഴയ പട്ടിക്കൂട് തുറന്നുനോക്കിയപ്പോഴാണ് അവിടെ അതിഥി തൊഴിലാളി താമസിക്കുന്നതായി വ്യക്തമായത്.
നാലു വര്‍ഷം മുമ്പാണ് ശ്യാം സുന്ദര്‍ കേരളത്തിലെത്തിയത്. കയ്യില്‍ പൈസയിലാത്തതിനാൽ വീടിന്‍റെ ഉടമയാണ് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നൽകിയതെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. കൊൽക്കത്തയിൽ നിന്ന് ആറുമണിക്കൂറുണ്ട് ശ്യാം സുന്ദറിന്‍റെ നാട്ടിലേക്ക്. സ്കൂളിന്‍റെ പടി കണ്ടിട്ടില്ല. പട്ടിക്കൂടിന് സമീപത്തെ പഴയ വീട് അതിഥിത്തൊഴിലാളികൾക്കടക്കം വാടകയ്ക്ക് നൽകിയിരിക്കുന്നു. അവർ നൽകുന്ന വാടകക്കാശ് നല്‍കാൻ കഴിയാത്തതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് വീടാക്കിയതെന്നാണ് പറയുന്നത്.
പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതിനുളളിൽത്തന്നെയാണെന്ന് ശ്യാം സുന്ദര്‍ പറയുന്നു. പട്ടിക്കൂടിലെ ഗ്രില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ട് മറച്ചാണ് മഴയെയും തണുപ്പിനെയും ചെറുക്കുന്നത്. പട്ടിക്കൂടിന് വാടക വാങ്ങുന്ന സ്ഥലമുടമ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. അതേസമയം, പിറവത്ത് അതിഥി തൊഴിലാളികള്‍ ഒരുപാടുണ്ടെങ്കിലും വേണ്ടത്ര താമസ സൗകര്യമില്ലെന്നും തന്‍റെ പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ 2000 രൂപക്കും 3000 രൂപക്കുമൊക്കെ താമസിക്കുന്നുണ്ടെന്നുമാണ് വീട്ടുടമ പറയുന്നത്. കുറെ പേര്‍ വാടക നല്‍കി താമസിക്കുന്നുണ്ടെന്നും ഇയാള്‍ പട്ടിക്കൂട്ടിലാണോ താമസിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നും ഉടമയുടെ പ്രതികരണം.