എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണൻ (47) ആണ് മരിച്ചത്. കഴുത്തിൽ വെട്ടേറ്റ നിലയിൽ താമസസ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.
ഇറച്ചിക്കട ഉടമ ബിജുവിന്റെ പഴയ വീട്ടിലാണ് രാധാകൃഷ്ണൻ താമസിച്ചിരുന്നത്. രാധാകൃഷ്ണനെ കൂടാതെ തമിഴ്നാട് സ്വദേശിയും ഇയാളോടൊപ്പം താമസിച്ചിരുന്നു. ഇരുവരെയും വിളിക്കാൻ ബിജു വീട്ടിലെത്തിയപ്പോഴാണ് രാധാകൃഷ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മാരകമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്നാണ് പൊലീസിൽ വിവരം അറിയിക്കുന്നത്.
സംഭവത്തിന് ശേഷം കാണാതായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഉടൻ തന്നെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങും.