എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിനിടെ സംഘർഷം

ഗവർണർ സർവകലാശാലകൾ തകർക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി. അതേസമയം പഠിപ്പ് മുടക്ക് സമരം തുടരുകയാണ്.

സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. രാജ്ഭവന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡുകൾക്ക് മുകളിൽ ഇരുന്ന പ്രതിഷേധ പ്രവർത്തകർ ഇവ മറികടന്ന് രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി. കൂടുതൽ പൊലീസ് എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. ഇതിനിടെ നെയ്യാറ്റിൻകരയിലെ പരിപാടി കഴിഞ്ഞ് ഗവർണർ രാജ്ഭവനിലെത്തി. പ്രതിഷേധങ്ങൾക്കിടയിൽ കനത്ത സുരക്ഷയിലാണ് ഗവർണർ രാജ്ഭവനിലേക്ക് പ്രവേശിച്ചത്.

കോഴിക്കോട് ആദായനികുതി ഓഫീസിലേക്കായിരുന്നു മാർച്ച്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp