എ.കെ.ജി സെന്റർ ആക്രമണം; ജിതിന് സ്കൂട്ടർ കൈമാറിയത് യൂത്ത് കോൺഗ്രസ് വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്

എ.കെ.ജി സെന്റർ ആക്രമണത്തിനായി പ്രതി ജിതിൻ എത്തിയ സ്കൂട്ടർ കൈമാറിയത് പ്രാദേശിക വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം മൺവിള സ്വദേശിയായ ഇവരെ ഉടൻ ചോദ്യം ചെയ്യും.ജിതിൻ സഞ്ചരിച്ച സ്‌കൂട്ടറും ധരിച്ച വസ്ത്രവും ചെരിപ്പും കണ്ടെടുക്കാനുള്ള തെളിവെടുപ്പ് തുടങ്ങി. അതിനിടെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ രാത്രി, 11 മണിയോടെ ജിതിൻ കാറിൽ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച് നൽകിയ സ്കൂട്ടറാണ് പിന്നീട് എ.കെ.ജി സെൻററിലെക്കെത്താൻ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിൻ തിരികെ വരുന്നതുവരെ സുഹൃത്ത് കാറിൽ കാത്തിരിക്കുകയും ചെയ്തു.ജിതിൻ്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

സാക്ഷിയാക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ അക്രമത്തിൽ അറിവോ പങ്കോ ഉണ്ടെന്ന് തെളിഞ്ഞാൽ പ്രതിയാക്കും.ഇത് കൂടാതെ മറ്റ് രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കൾക്ക് കൂടി കേസിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. അതിനിടെ തിങ്കളാഴ്ച വൈകിട്ട് വരെ കസ്റ്റഡിയിൽ ലഭിച്ച ജിതിനെ വിശദമായ ചോദ്യം ചെയ്ത് വരികയാണ്.മുഖ്യ തെളിവുകളായ ആക്രമണ സമയത്തെ ടീ ഷർട്,ചെരിപ്പ് ,സ്കൂട്ടർ എന്നിവ കണ്ടെടുക്കാനായി ജിതിനുമായി ആറ്റിപ്ര,കഴക്കൂട്ടം ഭാഗത്ത് തെളിവെടുപ്പ് നടത്തി.ഇതിനിടെയാണ് പ്രവർത്തകരെ കള്ള ക്കേസിൽ കുടുക്കുന്നുവെന്നു ആരോപിച്ചു യൂത്ത് കോൺഗ്രസ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച്‌ നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകർ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp