ഏത് പാതിരാത്രിയിലും ഉമ്മൻ ചാണ്ടിയെ പോയി കാണാം, സാധാരണക്കാരന്റെ അത്താണിയാണ് അദ്ദേഹമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു. ഏതെങ്കിലും ഒരു നേതാവ് നമ്മെ വിട്ടുപിരിഞ്ഞപ്പോൾ ഇതുപോലെ പാതയോരത്ത് ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നോ.
സ്ത്രീകളും കുട്ടികളും മുതിർന്നവരും പ്രായഭേദമെന്യ വന്നു തമ്പടിച്ച് ജനം മണിക്കൂറൂകളായി ജനനേതാവിനായി കാത്ത് നിന്നു. പുഷ്പാർച്ചന നടത്തി അവർ പോകുമ്പോൾ ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ല. ഉമ്മൻ ചാണ്ടിക്ക് ഉമ്മൻ ചാണ്ടി മാത്രമെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവർത്തനത്തിൽ എനിക്ക് ഒരുപാട് അനുയായികൾ ഉണ്ട് പക്ഷെ എനിക്കൊന്നും ഉമ്മൻ ചാണ്ടിയാകാൻ സാധിക്കില്ല. പൊതു പ്രവർത്തകനെന്ന നിലയിൽ ഉമ്മൻചാണ്ടിയെ കാണാൻ വരുന്ന ഒരാളെയും അദ്ദേഹം ദുഖത്തിലാക്കി തിരിച്ചയക്കില്ല. ഏത് പാതിരാത്രിയിലും ഉമ്മൻ ചാണ്ടിയെ പോയി കാണാം.
സാധാരണക്കാരന്റെ അത്താണിയാണ് അദ്ദേഹം. ജനം അദ്ദേഹത്തെ ഉള്ളിൽ തട്ടി സ്നേഹിക്കുന്നു. ഒരു രക്ത ബന്ധം പോലെ. അതിന് തെളിവാണ് ഈ ജനക്കൂട്ടം. ആളുകളുടെ തൃപ്തിയാണ് അദ്ദേഹത്തിന്റെ പോളിസി.ഉമ്മൻ ചാണ്ടിയുടെ മേലൊപ്പില്ലാത്ത ഒരു പദ്ധതിയും കേരളത്തിലില്ല. ഉമ്മൻ ചാണ്ടിയുടെ സ്മാരകം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഐഡിയോളജി ജനസമൂഹത്തിന് ഗുണം ചെയ്യുന്ന രീതിയിലാകുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.