‘ഏറ്റവും പോസിറ്റീവായി സഹകരിക്കുന്ന നിലപാടായിരുന്നു മാധ്യമങ്ങളുടേത്’; മാധ്യമങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തില്‍ മാധ്യമങ്ങളുടെ ഇടപെടലിനെ വാർത്താസമ്മേളനത്തിൽ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കവേ, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  മാധ്യമങ്ങളെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ടെന്നും ഏറ്റവും പോസിറ്റീവായി സഹകരിക്കുന്ന നിലപാടാണ് മാധ്യമങ്ങൾ പൊതുവെ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാടിന്റെ പുനർനിർമ്മാണത്തിന്റെ നേതൃസ്ഥാനത്ത് തന്നെ മാധ്യമസാന്നിദ്ധ്യം തുടർന്നും ഉണ്ടാകണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതേ സമയം, കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരുകയാണ്. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സർക്കാർ കണക്കുകളനുസരിച്ച് 210 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp