രാജ്യത്തെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാമതായി ടാറ്റ. 2022 ലെ ഏറ്റവും മികച്ച ഇന്ത്യൻ 75 ബ്രാൻഡുകളുടെ പട്ടികയിലാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ്(ടി.സി.എസ്) ഒന്നാമതെത്തിയിരിക്കുന്നത്. ദി കാൻഡാർ ബ്രാൻഡ്‌സ് ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ്, എയർടെൽ, ഏഷ്യൻ പെയിൻറ്‌സ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽ.ഐ.സി, കൊടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ബ്രാൻഡുകളാണ് തൊട്ട് പിറകിലായി ഉള്ളത്. ടെലികോം രംഗത്തെ ശക്തമായ സാന്നിധ്യമായ ജിയോ പത്താമതാണുള്ളത്.
കഴിഞ്ഞ എട്ടു വർഷമായി ഏറ്റവും മൂല്യമേറിയ ഇന്ത്യൻ ബ്രാൻഡായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. എന്നാൽ 2014 ലാണ് കാൻഡർ ബ്രാൻഡ് ഇന്ത്യ റാങ്കിംഗ് തുടങ്ങിയത്. അന്ന് മുതൽ ഇവർ കൈവശം വെച്ചിരുന്ന ഈ സ്ഥാനത്തേക്കാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് എത്തിയിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യം കോവിഡിന് ശേഷം വർധിച്ചുവരികയാണ്. ഈ മാറ്റമാണ് ടിസിഎസിന് നേട്ടമായത് എന്നാണ് പറയുന്നത്. 45.52 ബില്യൺ ഡോളറാണ് ടിസിഎസിന്റെ ബ്രാൻഡ് മൂല്യം.
2020 നും 2022നും ഇടയിൽ 212 ശതമാനമാണ് ടി.സി.എസിന്റെ ബ്രാൻഡ് വാല്യു വർധിപ്പിച്ചിരിക്കുന്നത്. കാൻഡർ ബ്രാൻഡ്‌സിന്റെ ആഗോള പട്ടികയിലും ടി.സി.എസ് ഇടംപിടിച്ചിട്ടുണ്ട്. എച്ച്.ഡി.എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 32.75 ഡോളറാണ് എച്ച്.ഡി.എഫ്.സിയുടെ മൂല്യം. ആദ്യ പത്തിലുള്ള എസ്.ബി.ഐ , കൊടക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ എന്നിവയ്ക്ക് 13.63 ബില്യൺ ഡോളർ, 11.9 ബില്യൺ ഡോളർ, 11 ബില്യൺ ഡോളർ എന്നിങ്ങനെയാണ് ബ്രാൻഡ് മൂല്യം. ഇതിൽ ജിയോയുടെ മൂല്യം 10.7 ബില്യണാണ്. ആദ്യ പത്തിലുള്ള കമ്പനികളിൽ ഇടിവ് നേരിട്ടത് എൽ.ഐ.സിയും ജിയോയുമാണ്.