ഏഷ്യയിലെ മികച്ച നടന്‍; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം, പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ

അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.

സെപ്‌റ്റിമിയസ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നടനും യുട്യൂബറുമായ ഭുവൻ ബാമും മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനില്‍ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു. പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ച്‌ ടൊവിനോ തന്നെ ഇൻസ്റ്റാഗ്രാമില്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്.

‘ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ മഹത്വം. മരിച്ച് വീണുപോകുന്ന ഓരോ തവണയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇത് എപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്, പുരസ്കാരനേട്ടത്തിന്‍റെ സന്തോഷം ഫേസ്ബുക്കിൽ ടൊവിനോ ഇങ്ങനെ പങ്കുവച്ചു.

മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്സ്. ഇറാഖി നടന്‍ വസിം ദിയ, സിംഗപ്പൂരില്‍ നിന്നുള്ള മാര്‍ക് ലീ, ഇറാനിയന്‍ നടന്‍ മൊഹ്സെന്‍ തനബന്ദേ, ഇന്തോനേഷ്യന്‍ നടന്‍ റിയോ ദേവാന്തോ, സൌദി നടന്‍ അസീസ് ബുഹൈസ്, യെമെനി നടന്‍ ഖാലിദ് ഹംദാന്‍ എന്നിവരെ പിന്തള്ളിയാണ് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം ടൊവിനോ നേടിയിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp