ഒക്ടോബര്‍ 1 മുതല്‍ ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ഐസിസി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പില്‍ പുതിയ മാറ്റങ്ങള്‍ പ്രതിഫലിക്കും. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക.
ക്യാച്ച് ഔട്ടാകുമ്പോള്‍ ക്രോസ് ചെയ്താലും കാര്യമില്ല
ഒരു ബാറ്റ്‌സ്മാന്‍ ക്യാച്ച് ഔട്ട് ആകുമ്പോള്‍ ക്യാച്ച് എടുക്കുന്നതിന് മുമ്പ് ബാറ്റ്‌സ്മാന്‍മാര്‍ ക്രോസ് ചെയ്തിട്ടുണ്ടോ എന്നത് ഇനി മുതല്‍ പരിഗണിക്കില്ല.
പന്തില്‍ ഉമിനീര്‍ പുരട്ടാനാകില്ല
ഉമിനീര്‍ ഉപയോഗിച്ച് പന്ത് പോളിഷ് ചെയ്യുന്ന രീതി കോവിഡ് കാലത്ത് നിരോധിച്ചിരുന്നു. ഉമിനീര്‍ അല്ലെങ്കില്‍ വിയര്‍പ്പ് ഉപയോഗിച്ച് ഇനി മുതല്‍ പന്ത് ഷൈന്‍ ചെയ്യിക്കാനാകില്ല.
ഒരു ബാറ്റ്‌സ്മാന്‍ ഔട്ടായ ശേഷം ക്രീസിലെത്തുന്ന പുതിയ ബാറ്റ്‌സ്മാന്‍ അടുത്ത പന്ത് നേരിടണം
പുതിയ ബാറ്റ്‌സ്മാന്‍ ടെസ്റ്റുകളിലും ഏകദിനങ്ങളിലും രണ്ട് മിനിറ്റിനുള്ളില്‍ സ്ട്രൈക്ക് എടുക്കാന്‍ തയ്യാറാകണം. നേരത്തെ ഇത് മൂന്ന് മിനിട്ടായിരുന്നു. അതേസമയം, ടി20യില്‍ നിലവിലുള്ള 90 സെക്കന്‍ഡ് പരിധിയില്‍ മാറ്റമില്ല.
പന്ത് നേരിടുമ്പോള്‍ ബാറ്റിന്റെ കുറച്ച് ഭാഗമെങ്കിലും പിച്ചില്‍ ഉണ്ടാകണം
പന്ത് നേരിടുന്ന സമയത്ത് സ്ട്രൈക്കര്‍ തന്റെ ബാറ്റിന്റെ കുറച്ച് ഭാഗമെങ്കിലും പിച്ച് ഏരിയയില്‍ സൂക്ഷിക്കണം. ആധുനിക കാലത്ത് ക്രീസിന് പുറത്ത് ബാറ്റ്‌സ്മാന്‍മാര്‍ അതിരുകടന്ന ഷോട്ടുകള്‍ക്ക് ശ്രമിക്കാറുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ പിച്ച് പരിധിക്കപ്പുറത്തേക്ക് നീങ്ങുകയാണെങ്കില്‍, അമ്പയര്‍ ഡെഡ് ബോള്‍ അടയാളപ്പെടുത്തും. ബാറ്റ്‌സ്മാനെ പിച്ച് വിടാന്‍ നിര്‍ബന്ധിക്കുന്ന ഏതൊരു പന്തിനെയും നോ ബോള്‍ ആയി കണക്കാക്കും.
ഫീല്‍ഡര്‍മാരുടെ നിയമപരമല്ലാത്ത പൊസിഷന്‍ മാറ്റത്തിന് പെനാള്‍ട്ടി
ബൗളര്‍ ബൗള്‍ ചെയ്യാന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നിയമപരമല്ലാതെ ബോധപൂര്‍വവുമായി പൊസിഷന്‍ മാറിയാല്‍ ബാറ്റിംഗ് ടീമിന് അഞ്ച് പെനാല്‍റ്റി റണ്‍സ് നല്‍കും. കൂടാതെ അമ്പയര്‍ ഡെഡ് ബോള്‍ വിളിക്കുകയും ചെയ്യും.
മങ്കാദിംഗ് നിയമപരമാകും
മങ്കാഡിംഗ് നിയമവിധേയമാക്കിയതാണ് വലിയ മാറ്റം. ജോസ് ബട്ട്ലറെ രവിചന്ദ്രന്‍ അശ്വിന്‍ റണ്ണൗട്ടാക്കിയതു മുതല്‍ ആരംഭിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ മാറ്റം വരുന്നത്. ‘അണ്‍ഫെയര്‍ പ്ലേ’ എന്നതിലുപരി ഇനി ഇത്തരത്തിലുള്ള പുറത്താക്കല്‍ രീതി റണ്ണൗട്ടായി കണക്കാക്കും.
പന്തെറിയുന്നതിന് മുമ്പ് ബൗളര്‍ക്ക് ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്‌സ്മാനെ ത്രോയിലൂടെ ഔട്ടാക്കാന്‍ സാധിക്കില്ല
പന്തെറിയുന്നതിന് മുമ്പ് ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ട് ഇറങ്ങി വരുന്നത് കണ്ടാല്‍ നേരത്തെ ബൗളര്‍ക്ക് വിക്കറ്റിലേക്ക് ത്രോ ചെയ്ത് ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കാമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം പന്തെറിയുന്നതിന് മുമ്പ് ബൗളര്‍ ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കാനായി ഇത്തരത്തില്‍ ത്രോ ചെയ്താല്‍ അത് ഡെഡ് ബോളാവും.
ഓവര്‍ റേറ്റ് കുറഞ്ഞാല്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാര്‍ മാത്രം
നിശ്ചിത സമയത്തിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഫീല്‍ഡിംഗ് ടീമിനുള്ള പിഴ ടി20 ലോകകപ്പിലോ അല്ലെങ്കില്‍ ഒക്ടോബര്‍ 1 മുതലുള്ള ഏതെങ്കിലും ഐസിസി മത്സരങ്ങളിലോ പ്രാബല്യത്തില്‍ വരും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരത്തില്‍, ക്യാപ്റ്റന്‍മാര്‍ നിശ്ചിത പരിധിയില്‍ തങ്ങളുടെ ഓവര്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കളിയുടെ അവസാന രണ്ട് ഓവറില്‍ നാല് ഫീല്‍ഡര്‍മാരുമായി ഫീല്‍ഡ് ചെയ്യാന്‍ ഇരു ടീമുകളും നിര്‍ബന്ധിതരായിരുന്നു.