ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യും; എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി

ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യും. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം. എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നെൽ കർഷകർക്ക് ഉള്ള മുഴുവൻ കുടിശികയും കൊടുത്ത് തീർത്തു.

ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഭക്ഷ്യമന്ത്രി നിർദേശം നൽകി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ്‌ വിതരണം അധികൃതർ തടഞ്ഞു. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വരുന്നതു വരെ കിറ്റ് വിതരണം നിർത്തിവയ്ക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശിച്ചു.

തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ അഭിപ്രായമാണ്‌ കിറ്റ്‌ വിതരണം തടയുന്നതിലേക്ക്‌ നയിച്ചത്‌. കലക്‌ട്രേറ്റിൽ വെള്ളിയാഴ്ച ചേർന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിൽ ‘ഇപ്പോൾ കിറ്റ്‌ നൽകാമോ ’എന്ന അഭിപ്രായമാണ്‌ കിറ്റ് വിതരണം തടയുന്നതിന് കാരണം . പ്രതിപക്ഷത്തെ ചിലരുടെ ഇടപെടലിനെ തുടർന്നാണ്‌ ഇത്തരം സംശയം വന്നതെന്നാണ് സൂചന.

എന്നാൽ, തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ വളരെ മുമ്പേ നടപടികൾ തുടങ്ങിയതിനാലും സർക്കാർ നയപരമായ തീരുമാനം പ്രഖ്യാപിച്ചതിനാലും ഇക്കാര്യത്തിൽ പെരുമാറ്റച്ചട്ട ലംഘനം വരുന്നില്ലെന്ന്‌ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp