ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടി; മധുവിന്റെ കുടുംബം സുപ്രിം കോടതിയിലേക്ക്

ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് സുപ്രിം കോടതിയെ സമീപിക്കുക.

ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറയുന്നു. സുപ്രിം കോടതിയിൽ പോകും. നീതികിട്ടാൻ എതറ്റം വരെയും പോകുമെന്നും അമ്മ കൂട്ടിച്ചേർത്തു. ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി ആരോപിച്ചു.

മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതിൽ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷ മരവിപ്പിച്ചത്.

കേസിൽ ഒന്ന് മുതൽ 16 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, 9ാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോൻ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്.

സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയാക്കി വിധി പ്രസ്താവം വന്നത്. 2022 ഏപ്രിൽ 28 നാണ് മണ്ണാർക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്. 16 പ്രതികളുള്ള കേസിൽ 127 സാക്ഷികളിൽ 24 പേർ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേർ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്ത ആളാണ് കേസിലെ നാലാം പ്രതിയായ അനീഷെന്നും മധുവിനെ മർദിക്കുന്ന വിഡിയോ എടുത്തത് ഇയാളാണെന്നുമുള്ള വാദമാണ് ഉണ്ടായിരുന്നത്. മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചയാളാണ് പതിനൊന്നാം പ്രതി അബ്ദുൾ കരീം. ഇയാൾ മർദനത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

എല്ലാ പ്രതികൾക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp