ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരത്തില്‍ നിന്നും ഗുസ്തി താരം സാക്ഷി മാലിക് പിന്മാറി. താരം നോര്‍ത്തേണ്‍ റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു എന്നാണ് വിവരം. കഴിഞ്ഞ ദിവസം സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സമരത്തില്‍ നിന്നുള്ള പിന്മാറ്റം.
ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അമിത് ഷാ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ഉള്‍പ്പെടെ പറഞ്ഞതിന് ശേഷമാണ് അമിത് ഷാ താരങ്ങളുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നത്.
ബബിത ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇപ്പോഴും സമരമുഖത്ത് തന്നെ തുടരുകയാണ്. സാക്ഷിയുടെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് പ്രതിഷേധിക്കുന്ന താരങ്ങള്‍ പറയുന്നത്. പ്രതിഷേധം ആരംഭിച്ചപ്പോള്‍ മുതല്‍ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ ആഗോള ശ്രദ്ധയിലേക്ക് എത്തിച്ച താരമാണ് സാക്ഷി മാലിക്. ഒന്നും പറയാതെ സാക്ഷി സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത് സഹതാരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ഷക നേതാക്കള്‍ക്കും വലിയ ഞെട്ടലാണുണ്ടാക്കുന്നത്.