ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ഹരിയാനയിൽ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ അമ്മ കൊലപ്പെടുത്തി. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി കുറ്റം സമ്മതിക്കുകയിരുന്നു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ജിന്ദിലെ ദനോദ ഗ്രാമത്തിലാണ് സംഭവം. ശീതൾ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ആഴ്ച മുമ്പ് ശീതളിന്റെ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കൾ മരണപ്പെട്ടിരുന്നു. ജാൻകി ജാൻവി എന്നായിരുന്നു കുട്ടികളുടെ പേര്. സംഭവം നടന്ന് 13-ാം ദിവസം യുവതി ഭർത്താവിനോട് കുറ്റം സമ്മതിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ജൂലായ് 12ന് ഭർത്താവ് ജോലിക്ക് പോയ സമയത്താണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. പിന്നീട് മക്കൾ മരിച്ചെന്ന് ഭർത്താവിനെ വിളിച്ചറിയിച്ചു. ശീതളിന്റെ വാക്കുകൾ വിശ്വസിച്ച വീട്ടുകാർ പോസ്റ്റ്‌മോർട്ടം നടത്താതെ പെൺകുട്ടികളുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

വെളിപ്പെടുത്തലിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തതായും മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം യുവതി വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp