‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ട്’; എംടിയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

രാഷ്ട്രീയ വിമർശനത്തിൽ എംടി വാസുദേവന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ടാണ് എംടി എന്ന് പേരടി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരം…

പ്രസ്താവനയിൽ എം ടിയുടെ വിശദീകരണവുമായി സാഹിത്യകാരൻ എൻ ഇ സുധീർ രംഗത്തുവന്നിരുന്നു. വിമർശനത്തിന് മുമ്പും ശേഷവും എംടിയുമായി താൻ സംസാരിച്ചിരുന്നു എന്നും പറഞ്ഞത് വിമർശനമല്ല, യാഥാർത്ഥ്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നും എൻഇ സുധീർ കുറിച്ചു.

വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നിയപ്പോൾ അത് പറയുകയായിരുന്നു. ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. പ്രസംഗത്തിന് ശേഷം ഇങ്ങനെയാണ് എംടി തന്നോട് പറഞ്ഞത് എന്ന് സുധീർ പറയുന്നു. തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി എന്നും സുധീർ കുറിച്ചു.

മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കളെ വിമർശിച്ച എം ടി വാസുദേവൻ നായരുടെ പ്രസംഗം ഏറെ ചർച്ചയായിരുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയ്ക്ക് കാരണം അർഹതയുള്ള വ്യക്തികളുടെ അഭാവമാണെന്ന് എം ടി വാസുദേവൻ നായർ വിമർശിച്ചു. അധികാരമെന്നാൽ ജനങ്ങളെ സേവിക്കാനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴികുത്തിമൂടി. ആൾക്കൂട്ടത്തെ ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം എന്നാൽ ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കലാണ് പ്രധാനമെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു എം ടിയുടെ രാഷ്ട്രീയ വിമർശനങ്ങൾ. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മൈക്കിനടുത്ത് നിന്ന് മാറിയതിന് പിന്നാലെയാണ് ചടങ്ങിൽ മുഖ്യാതിഥിയായ എം ടി പ്രസംഗിക്കാനെത്തുന്നത്. മുഖ്യമന്ത്രിയോടുള്ള ആരാധന വ്യക്തമാക്കുന്ന ഗാനങ്ങൾ ഉൾപ്പെടെ ചർച്ചയായതിന് പിന്നാലെയാണ് എം ടി വാസുദേവൻ നായരുടെ പരോക്ഷ വിമർശനങ്ങളെന്നതും ശ്രദ്ധേയമാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp