ഒരിടത്തും ഒളിച്ചോടില്ല, ഒറ്റക്ക് പോരാടും; ‘കൂടെ ആരുമില്ലെന്ന് പറയരുത്, ഞാന്‍ കൂടെയുണ്ട്’; നിവിന്‍ പോളിക്ക് പിന്തുണയുമായി ബാല

മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷിതത്വവും പ്രശ്നങ്ങളും പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധി ചലച്ചിത്ര പ്രവർത്തകർക്കും നടന്മാർക്കും എതിരെ പരാതികൾ ഉയർന്നിരുന്നു. ഏറ്റവും ഒടുവിലത്തേത് നടൻ നിവിൻ പോളിക്ക് നേരെയുള്ള പീഡന പരാതിയാണ്.വിദേശത്ത് വച്ച് തന്നെ പീഡിപ്പിച്ചു എന്നും, സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ഈ അക്രമം എന്നുമായിരുന്നു ഇവർ ആരോപിച്ചത്. പരാതി വാർത്തയായതും, അധികം വൈകാതെ നിവിൻ പോളി തന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണവുമായി ആദ്യം സോഷ്യൽ മീഡിയയിലും, പിന്നീട് വാർത്താ സമ്മേളനത്തിലും എത്തിച്ചേർന്നു.

ഇപ്പോള്‍ നിവിന്‍ പോളിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാല. സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതി നൽകുന്ന ആളുടെ കടമയാണെന്നും നിവിൻ പോളിക്കെതിരെ പരാതി കൊടുത്ത യുവതി വേണം തെളിയിക്കാനെന്നും ബാല ഫേസ്ബുക്ക് വിഡിയോയില്‍ പറഞ്ഞു.

ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്താണ് ബാല നിവിൻ പോളിക്ക് പിന്തുണ അറിയിച്ചത്. ‘നിവിൻ പോളിക്ക് ഞാൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയർന്നപ്പോൾ ഉടനടി തന്റെ ഭാഗം വിശദീകരിക്കുകയും, പത്രസമ്മേളനം വിളിച്ചു ചേർക്കുകയും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. അതിൽ ഒരു വലിയ ആണത്തം ഉണ്ട്.

ബാലയുടെ വാക്കുകള്‍

നിവിൻ പോളിക്ക് ഞാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയർന്നപ്പോൾ ഉടനടി തന്‍റെ ഭാഗം വിശദീകരിക്കുകയും പത്രസമ്മേളനം വിളിച്ചു ചേർക്കുകയും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. അതിൽ ഒരു വലിയ ആണത്തം ഉണ്ട്.അങ്ങനെയാണ് വേണ്ടത്. അല്ലെങ്കിൽ എല്ലാവർക്കും എന്തും ചെയ്യാം. ആണായാലും ശരി, പെണ്ണായാലും ശരി. നിവിൻ പോളി പറഞ്ഞ ഏറ്റവും നല്ല മറ്റൊരു കാര്യം കൂടിയുണ്ട്. ഞാൻ ഇവിടെത്തന്നെയുണ്ട്, ഒളിച്ചോടിയിട്ടില്ല എന്ന്. അതാണ് വേണ്ടത്. തെറ്റ് ചെയ്തില്ലെങ്കിൽ ഒളിച്ചോടേണ്ട ആവശ്യമില്ല.

ഇവിടെത്തന്നെയുണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്. ഈശ്വരതുല്യമായി ഞങ്ങൾ കാണുന്നതാണ് സിനിമാ മേഖല. എത്രയോ കുടുംബങ്ങൾ ഇത് വിശ്വസിച്ചു ജീവിക്കുന്നു. ഇങ്ങനെയൊരു സ്റ്റാർ വന്ന് കാര്യം പറയുമ്പോൾ മനസ്സുകൊണ്ട് ബഹുമാനം തോന്നുന്നു. എല്ലാവർക്കുമായി വളരെ പ്രാധാന്യമുള്ള മറ്റൊരു പോയിന്‍റ് മൂന്നാമതായി പറയുന്നു.

ആണാവട്ടെ, പെണ്ണാവട്ടെ, ഒരാൾ മറ്റൊരാൾക്കെതിരെ ആരോപണം ഉന്നയിക്കുന്നു. ഇനി പറയാൻ പോകുന്ന കാര്യം മനസ്സിലാക്കിയാൽ മറ്റു പ്രശ്നങ്ങൾ ഏതുമില്ല. സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതി നൽകുന്ന ആളുടെ കടമയാണ്. നിവിൻ പോളിക്കെതിരെ പരാതി കൊടുത്ത യുവതി വേണം തെളിയിക്കാൻ. അത് നിവിൻ പോളിയുടെ കടമയല്ല. വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കൊടുത്താൽ അതിന്റെ വരുംവരായ്കകൾ അവർ നേരിടണം.

നിവിൻ പോളി ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു. അതിന്‍റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുൻപ് നിയമം പഠിക്കുക. വലിയ വലിയ താരങ്ങൾ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോൾ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായി പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. നിവിൻ അവസാനമായി പറഞ്ഞ ഒരു കാര്യമുണ്ട് നിവിന്‍റെ കൂടെ ആരുമില്ലെന്ന്. അങ്ങനെ ഒന്നും പറയരുത് കേട്ടോ, എല്ലാവരും ഉണ്ട്. ഞാൻ കൂടെയുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp