‘ഒരു തമാശ രംഗം കൂടി അഭിനയിച്ച് പൂര്‍ത്തിയാക്കാനുണ്ടായിരുന്നു, പക്ഷേ എന്റെ വാക്കുകള്‍ കേട്ടശേഷം അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല….’

അന്തരിച്ച നടന്‍ ഇന്നസെന്റിന് ക്യാന്‍സര്‍ രോഗനിര്‍ണയം നടന്ന നിമിഷത്തെ കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍. ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ച വിവരം അറിയിക്കാന്‍ ഇന്നസെന്റിനെ നേരിട്ട കണ്ടതും ആ നിമിഷമുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണവുമാണ് ഡോ വി പി ഗംഗാധരന്‍ പങ്കുവച്ചത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

‘ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കെയാണ് ഇന്നസെന്റിനെ ഞാന്‍ വിളിക്കുന്നത്. പിറ്റേന്ന് രാവിലെ തന്നെ നേരിട്ട് കാണണമെന്ന വിവരം ആ വിളിയിലൂടെ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ നേരിട്ട് കണ്ടപ്പോഴാണ് ഇന്നസെന്റിന് ക്യാന്‍സര്‍ ആണെന്ന വിവരം ഞാന്‍ തുറന്നുപറയുന്നത്. ഒന്ന് തകര്‍ന്നുപോയെങ്കിലും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും മനസിലാക്കുകയും ചെയ്തു.

ഞാനിക്കാര്യം അവതരിപ്പിക്കുന്ന സമയത്ത് ഇന്നസെന്റിന് ഒരു തമാശ രംഗം കൂടി അഭിനയിച്ച് പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. പക്ഷേ എന്റെ വാക്കുകള്‍ കേട്ടതിനുശേഷം ഒരക്ഷരം മിണ്ടാന്‍ കഴിഞ്ഞില്ലെന്നാണ് പിന്നീടൊരിക്കല്‍ ഇന്നസെന്റ് എന്നോടുപറഞ്ഞത്.

ചില മനുഷ്യര്‍ ഇത്തരം കാര്യങ്ങള്‍ നമ്മില്‍ നിന്ന് മറച്ചുപിടിക്കും. പക്ഷേ ചിലയാളുകള്‍ ആദ്യത്തെ ഷോക്കിന് ശേഷം അതുള്‍ക്കൊള്ളാന്‍ ശ്രമിക്കും. ഇന്നസെന്റിന്റെ കാര്യത്തില്‍ ആദ്യത്തെ ഞെട്ടലിന് ശേഷം പരസ്യമായി തന്നെ അദ്ദേഹമത് അതംഗീകരിക്കുകയും ഭാരം ലഘൂകരിക്കുകയുമാണ് ചെയ്തത്.

ആരായാലും തനിക്ക് ക്യാന്‍സറാണെന്ന് അറിയുന്ന നിമിഷം ഒന്ന് തകര്‍ന്നു പോകും. ജീവിതത്തിലെ 360 ഡിഗ്രി തിരിവുപോലെയാണിത്. വ്യത്യസ്ത വൈകാരിക ഘട്ടങ്ങളുണ്ടിതിന്.. ആദ്യത്തേത് ഞെട്ടലാണെങ്കില്‍ പിന്നീടത് സമ്മതിക്കാന്‍ പ്രയാസമാകും. പിന്നെ ആക്രമണസ്വഭാവമാകും, പിന്നെ പിന്‍വലിക്കല്‍, ഏറ്റവുമൊടുവിലാണ് രോഗത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുക’. ഡോ വി പി ഗംഗാധരന്‍ പറഞ്ഞു.

75ാം വയസിലാണ് ക്യാന്‍സര്‍ രോഗത്തോടുപൊരുതിയ നടന്‍ ഇന്നസെന്റ് വിടപറഞ്ഞത്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിരുന്ന ഇന്നസെന്റിന്റെ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp