ഒരു വർഷം ഇനി 15 സിലിണ്ടർ മാത്രം; ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ.

ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ. ഒരു വർഷം പതിനഞ്ച് സിലിണ്ടർ മാത്രമെ ഇനി മുതൽ ലഭിക്കു. ഇതോടെ ആഹാരം പാചകം ചെയ്യാൻ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.

ഗാർഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം പൊതുമേഖലാ കമ്പനികൾ നിയന്ത്രണം നടപ്പാക്കി തുടങ്ങി. ഇനി മുതൽ പതിനഞ്ച് സിലിണ്ടർ വാങ്ങി കഴിഞ്ഞാൽ പതിനാറാമത്തെ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കില്ല. നിയന്ത്രണം പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നടപ്പാക്കിയതോടെ സാമ്പത്തിക വർഷവസാനം എത്തുമ്പോൾ കൂടുതൽ ഉപയോഗമുള്ള വീടുകളിൽ പാചകവാതക ക്ഷാമം നേരിടുമെന്നുറപ്പായി. എന്നാൽ കേരളത്തിൽ ശരാശരി ഉപയോഗം ഒരു കുടുംബത്തിൽ പ്രതിവർഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലർമാർ പറയുന്നു.

അധിക സിലിണ്ടർ വേണമെങ്കിൽ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷൻ കാർഡിന്റെ പകർപ്പുൾപ്പടെ നൽകി ഡീലർമാർ മുഖേനെ അപേക്ഷ നൽകാമെന്നാണ് കമ്പനികൾ പറയുന്നത്. അധിക സിലിണ്ടർ അനുവദിക്കാനുള്ള ചുമതല കമ്പനിയുടെ വിവേചന അധികാരത്തിലുൾപ്പെടും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp