സ്ഥലം വിൽപനയിലൂടെയോ, ചിട്ടി ലഭിച്ചതിലൂടെയോ മറ്റോ നല്ലൊരു തുക കൈവശം ഉള്ളവരാണോ നിങ്ങൾ ? എവിടെ സുരക്ഷിതമായി ഈ തുക നിക്ഷേപിക്കണമെന്നാണ് ആലോചനയെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ഒരു പദ്ധതിയുണ്ട്. പോസ്റ്റ് ഓഫിസ് പ്രതിമാസത്തിൽ റിട്ടേൺ നൽകുന്ന ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് ലാഭം കൊയ്യാം.
പോസ്റ്റ് ഓഫിസ് അവതരിപ്പിക്കുന്ന ലഘു സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫിസ് മാസവരുമാന പദ്ധതി അഥവാ എംഐഎസ് സ്‌കീം. ഇത് പ്രകാരം നമ്മൾ നിക്ഷേപിക്കുന്ന തുകയുടെ പലിശ പ്രതിമാസം നമുക്ക് ലഭിക്കുകയും, നിക്ഷേപിച്ച തുക മുഴുവൻ കാലാവധിയിൽ ലഭിക്കുകയും ചെയ്യും.
എങ്ങനെ പദ്ധതിയിൽ പങ്കാളിയാകാം ?
ഏത് പോസ്റ്റ് ഓഫിസ് വഴിയും ഈ പദ്ധതിയിൽ പങ്കാളിയാകാം. പോസ്റ്റ് ഓഫിസിൽ പോയി അപേക്ഷാ ഫോം, കെവൈസി എന്നിവ പൂരിപ്പിച്ച് ആധാർ, പാൻ കാർഡ് എന്നിവ സമർപ്പിച്ച് അക്കൗണ്ട് ആരംഭിക്കാം.
ഒരു വ്യക്തിക്ക് നാലര ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ 9 ലക്ഷം വരെ നിക്ഷേപിക്കാം. 7.1% ആണ് പലിശ നിരക്ക്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് നികുതി ഇളവുകളൊന്നും തന്നെ ലഭിക്കുകയില്ല.
എങ്ങനെ അയ്യായിരം രൂപ പ്രതിമാസം നേടാം
പോസ്റ്റ് ഓഫിസ് പ്രതിമാസ വരുമാന പദ്ധതി പ്രകാരം ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് കാലാവധിയിൽ പ്രതിമാസം 5,325 രൂപ റിട്ടേണായി ലഭിക്കും.