ഒറ്റമുറി വീടിനോട് കെ എസ് ഇ ​ബിയുടെ ക്രൂരത; വൈദ്യുതി ബന്ധം വിച്ഛേദിച്ചത് അരലക്ഷം രൂപ കുടിശികയെന്ന് പറഞ്ഞ്

ഇടുക്കി ഉപ്പുതറയിൽ വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. അരലക്ഷം രൂപ കുടിശിക അടയ്ക്കാൻ ഉണ്ടെന്നുകാട്ടി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. എന്നാൽ വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയിട്ടില്ലെന്നാണ് വട്ടപ്പതാൽ സ്വദേശി അന്നമ്മ പറയുന്നത്.

കഴിഞ്ഞ മെയ് 15നാണ് 49,710 രൂപയുടെ വൈദ്യുതി കുടിശ്ശിക ബില്ലിൽ ഉണ്ടെന്നുകാട്ടി കെഎസ്ഇബി പിരുമേട് സെക്ഷൻ ഓഫീസിൽ നിന്ന് അന്നമ്മയ്ക്ക് നോട്ടീസ് ലഭിക്കുന്നത്. 500 രൂപയിൽ താഴെ ബില്ല് വന്നിരുന്ന സ്ഥലത്തായിരുന്നു കുടിശിക ചൂണ്ടിക്കാണിച്ചുള്ള നോട്ടീസ്. 15 ദിവസത്തിനകം തുക അടയ്ക്കണം എന്നായിരുന്നു നിർദ്ദേശം. സംഭവത്തിൽ പീരുമേട് സെക്ഷൻ ഓഫീസിൽ പരാതി നൽകിയിട്ടും അന്നമ്മയുടെ സങ്കടത്തിന് പരിഹാരമായില്ല.

വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് അന്നമ്മ കഴിയുന്നത്. കെഎസ്ഇബിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്. കെഎസ്ഇബി സെക്ഷൻ ഓഫീസിൽ പരാതിയുമായി എത്തിയപ്പോൾ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും അന്നമ്മ ആരോപിച്ചു. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച അന്നമ്മ കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇത്രയും വലിയ തുകയടച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിയില്ല. സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp