ഒൻപത് ദിവസമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാർത്ഥി സമരം. തിരുവനന്തപുരം ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികളാണ് ക്ലാസ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയത്. എസ്.സി/എസ്.ടി വിദ്യാർത്ഥികളുടെ പഠന കേന്ദ്രത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. വാർത്തയ്ക്ക് പിന്നാലെ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടുകയും കുടിവെള്ളം പുന:സ്ഥാപിക്കുകയും ചെയ്തു.
എസ്.സി, എസ്.ടി വിദ്യാഭ്യാസ സ്ഥാപനമായ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികളാണ് സഹികെട്ട് സമരത്തിനിറങ്ങിയത്. പരിശീലന കേന്ദ്രത്തിലും ഹോസ്റ്റലിലും കുടിവെള്ളം ലഭിച്ചിട്ട് ഒൻപത് ദിവസമായി. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ലാത്ത അവസ്ഥ. ഒടുവിൽ ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ വന്നതോടെ വിദ്യാർത്ഥികൾ ഒന്നടങ്കം ഉച്ചയ്ക്ക് ക്ലാസ് ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങി. ഇതോടെ ഒരാഴ്ച അവധി നൽകാൻ അധികൃതർ തീരുമാനിച്ചു.
വാർത്തയെ തുടർന്ന് പട്ടികജാതി, പട്ടിക വർഗ വികസന ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു. അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം നൽകി. തുടർന്ന് വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൈപ്പ് ലൈനിന്റെ പൊട്ടൽ അടിയന്തരമായി പരിഹരിച്ചു. ഇതോടൊ ഒരാഴ്ച അവധി നൽകിയത് റദ്ദാക്കി. കേരള നഴ്സസ് യൂണിയനും പ്രശ്നത്തിൽ ഇടപെട്ടു.
ആവശ്യത്തിനു ലൈറ്റുകളും പഠനത്തിനായി ബോർഡുകളും നൽകും. മൊബൈൽ ദിവസം രണ്ടു മണിക്കൂർ ഉപയോഗിക്കാം. വിദ്യാർത്ഥികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടിയെടുക്കാമെന്നും അധികൃതർ ഉറപ്പു നൽകി.