ഓട് പൊട്ടി രാഷ്ട്രീയത്തില്‍ വന്ന ആളല്ല മുഹമ്മദ് റിയാസെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമുണ്ടായതിന് ശേഷം രാഷ്ട്രീയത്തില്‍ വന്നയാളല്ല മുഹമ്മദ് റിയാസെന്നും ശിവന്‍കുട്ടി പറഞ്ഞു. അന്‍വറിനെ പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി മാറി നടക്കുന്ന ആളല്ല അദ്ദേഹമെന്നും പറഞ്ഞു. അന്‍വര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിയാസിനെ വളഞ്ഞിട്ട് അക്രമിക്കാമെന്ന് കരുതേണ്ടെന്നും മതേതര വിശ്വാസികളും പാര്‍ട്ടിയും റിയാസിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.
അന്‍വര്‍ പാര്‍ട്ടിയോട് കാണിച്ചത് കടുത്ത വഞ്ചനയെന്നും അതിനെ അതിജീവിച്ച് മുന്നോട്ട് പോകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല ഘട്ടത്തിലും വെല്ലുവിളി നേരിട്ടിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ശക്തിയോടെ വന്നിട്ടുമുണ്ട്. അന്‍വര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു.അതൊന്നും രേഖയുടെ അടിസ്ഥാനത്തില്‍ അല്ല. അതൊക്കെ തള്ളി കളയുന്ന നിലപാടാണ് പാര്‍ട്ടി എടുത്തത് – മന്ത്രി വ്യക്തമാക്കി.
പിണറായി വിജയന്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ വന്നയാള്‍ അല്ലെന്ന് പറഞ്ഞ ശിവന്‍കുട്ടി സമൂഹത്തിനു യോജിക്കാത്ത എന്തെങ്കിലും തെറ്റ് പിണറായി വിജയന്‍ ചെയ്തിട്ടുണ്ടോയെന്നും ചോദിച്ചു. അന്‍വറിന്റെ പ്രസ്താവനകൊണ്ട് പാര്‍ടിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അന്‍വറിന് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.