ഇന്ന് എല്ലാവരും ഭക്ഷണം ഓർഡർ ചെയ്യാൻ ഓൺലൈൻ പ്ലാറ്റുഫോമുകളാണ് തെരഞ്ഞെടുക്കുന്നത്. ഫുഡ് ഡെലിവറി ആപ്പുകൾ ആകർഷകമായ ഓഫറുകളും നൽകി ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നുമുണ്ട്. പ്രിയപ്പെട്ട റെസ്റ്റോറന്റിൽ നിന്നോ ഫുഡ് ഡെലിവറി സേവനത്തിൽ നിന്നോ കിഴിവുകളോ സൗജന്യ ഭക്ഷണ ഓഫറുകളോ ലഭിക്കുന്നത് ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇതിനൊപ്പം തന്നെ രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചു. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത ഡൽഹിയിൽ നിന്നുള്ള ഒരു യുവതിയ്ക്ക് ഒരു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. “ഒരു താലി (ഭക്ഷണ പ്ലേറ്റ്) വാങ്ങിയാൽ മറ്റൊന്ന് സൗജന്യമായി നേടാം” എന്ന മോഹന ഭക്ഷണ വാഗ്ദാനത്തിൽ പെട്ടാണ് യുവതി സൈബർ തട്ടിപ്പിന് ഇരയായത്.
ഡൽഹിയിൽ നിന്നുള്ള സവിത ശർമ്മ എന്ന 40 കാരിയായ യുവതിയ്ക്കാണ് ഫേസ്ബുക്കിൽ കണ്ട സൗജന്യ ഭക്ഷണ വിതരണ ഓഫറിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് 90,000 രൂപ നഷ്ടപ്പെട്ടത്. ബാങ്കിൽ സീനിയർ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന ശർമ്മ ഒരു ബന്ധു മുഖേനയാണ് ‘ബൈ വൺ ഗെറ്റ് വൺ’ ഓഫറിനെക്കുറിച്ച് അറിഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഓഫറിനെക്കുറിച്ച് കൂടുതലറിയാൻ, യുവതി ഫേസ്ബുക്കിൽ ലഭ്യമായ വെബ്‌സൈറ്റ് ലിങ്ക് സന്ദർശിക്കുകയും കൂടുതൽ അന്വേഷിക്കാൻ ഒരു ഫോൺ കോൾ ചെയ്യുകയും ചെയ്തു.
ആദ്യ കോളിൽ ഒരു പ്രതികരണവും ലഭിച്ചില്ല. അൽപ സമയത്തിന് ശേഷം തിരിച്ചുവിളിക്കുകയും ജനപ്രിയ റെസ്റ്റോറന്റ് സാഗർ രത്‌നയിൽ ഓഫർ ലഭിക്കുന്നതിന് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ കോളർ ആവശ്യപ്പെടുകയും ചെയ്തു. ഓഫർ ലഭിക്കണമെങ്കിൽ, ഈ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും കോളർ നിർദ്ദേശിച്ചു.
ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന റെസ്റ്റോറന്റ് ആയതിനാൽ ഓഫർ വ്യാജമാകില്ലെന്ന് ധരിക്കുകയും ഓഫർ ക്ലെയിം ചെയ്യാൻ ശർമ്മ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ആപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ, വിളിച്ചയാൾ നൽകിയ ഐഡിയും പാസ്‌വേഡും നൽകിയയുടൻ അവളുടെ സ്മാർട്ട്‌ഫോൺ ഹാക്ക് ചെയ്യുകയും ബാങ്ക് അക്കൗണ്ടിൽ നിന്ന് 40,000 രൂപ നഷ്ടപ്പെടുകയും ചെയ്തു. “ഞാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്തു. തുടർന്ന് ഞാൻ യൂസർ ഐഡിയും പാസ്‌വേഡും നൽകി. അത് ചെയ്ത നിമിഷം തന്നെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു. തുടർന്ന് 40,000 രൂപയും അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്തു,” എന്നും യുവതി പരാതിയിൽ വെളിപ്പെടുത്തി.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ശർമ്മയ്ക്ക് മറ്റൊരു ഇടപാട് സന്ദേശം ലഭിക്കുകയും അക്കൗണ്ടിൽ നിന്ന് 50,000 രൂപ വീണ്ടും പിൻവലിക്കപ്പെടും ചെയ്തു. ഫോൺ ഹാക്ക് ചെയ്ത ശേഷം തട്ടിപ്പുകാരൻ ആദ്യം തന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് പേടിഎമ്മിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയും പിന്നീട് അത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തുവെന്ന് ശർമ്മ വെളിപ്പെടുത്തി. “ക്രെഡിറ്റ് കാർഡിൽ നിന്ന് പണം എന്റെ പേടിഎം അക്കൗണ്ടിലേക്ക് പോയത് എന്നെ വളരെ ആശ്ചര്യപ്പെടുത്തി, തുടർന്ന് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ഈ തുക മാറ്റി. ഈ വിവരങ്ങളൊന്നും ഞാൻ വിളിച്ചയാളുമായി പങ്കുവെച്ചിട്ടില്ല.”
അനധികൃത ഇടപാട് സന്ദേശങ്ങൾ കണ്ട ശർമ്മ ഉടൻ തന്നെ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുകയും പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. സൗജന്യ ഭക്ഷണ ഓഫറിൽ വീഴുന്ന ആദ്യത്തെ വ്യക്തി ശർമ്മയല്ല. അടുത്തയിടയായി നിരവധി പേർ ഇത്തരം തട്ടിപ്പുകളിൽ ഇരയാകുന്നുണ്ട്. മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ മറ്റ് നഗരങ്ങളിൽ നിന്നും സമാനമായ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
“സൈബർ കുറ്റവാളികൾ ആളുകളെ കബളിപ്പിക്കാൻ പുതിയ വഴികൾ ഓൺലൈനുകൾ വഴി തെരെഞ്ഞെടുക്കുന്നുണ്ട്. അജ്ഞാതമായതോ അറിയാത്തതോ ആയ ഉറവിടങ്ങളിൽ നിന്ന് വരുന്ന ഒരു ലിങ്കിലോ ആപ്പിലോ ക്ലിക്ക് ചെയ്യരുത്” എന്ന് സൈബർ ക്രൈം അന്വേഷകൻ പിടിഐയോട് പറഞ്ഞു.