കൊച്ചി: എറണാകുളം ആലുവയില്‍ കഞ്ചാവ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം
നല്‍കിയ യുവാവിന് ക്രൂരമര്‍ദനം. വടാട്ടുപാറ സ്വദേശി ആല്‍ബര്‍ട്ടിനെയാണ് കഞ്ചാവ് സംഘം മര്‍ദിച്ചത്. ഇന്ന് രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം റെയില്‍വേ സ്റ്റേഷന് സമീപം .ചിലര്‍ കഞ്ചാവ് വില്‍പന നടക്കുന്നത് കണ്ട യുവാവ് പരിചയത്തിലുള്ള ഒരു പൊലീസുകാരനെ വിളിച്ച് അറിയിച്ചിരുന്നു. ഇതറിഞ്ഞ കഞ്ചാവ് സംഘം ഇവിടെ നിന്ന് ഓടിരക്ഷപെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, ഇതിന്റെ വൈരാഗ്യത്തില്‍ ഇന്ന് രാവിലെ സംഘം വീണ്ടുമെത്തി യുവാവിനെ
മര്‍ദിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ചായ
കുടിക്കാനെത്തിയപ്പോഴായിരുന്നു യുവാവിനെ കഞ്ചാവ് വില്‍പ്പനക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്.’നീ പൊലീസുകാരെ അറിയിക്കുമല്ലേടാ’ എന്നടക്കം ചോദിച്ച് ആക്രോശിച്ചായിരുന്നു മര്‍ദനം.കഴിഞ്ഞദിവസമായിരുന്നു ജോലി തേടി യുവാവ് ആലുവയിലെത്തിയത്. സംഭവത്തിൽ യുവാവ് ആലുവ പൊലീസില്‍ പരാതി നൽകി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.