കടത്തിന് മേലെ കടം… ഇപ്പോഴിതാ നികുതി കുടിശികയും, തല ഉയർത്താന്‍ പാടുപെട്ട് ബൈജൂസ്

നിലനില്‍പ്പ് തന്ന പ്രതിസന്ധിയിലായ എജ്യുടെക് കമ്പനിയായ ബൈജൂസിന് കനത്ത പ്രഹരമായി വലിയ നികുതി കുടിശികയും. 848 കോടി രൂപ നികുതി ഇനത്തില്‍ അടയ്ക്കണമെന്ന് കേന്ദ്ര – കര്‍ണാടക നികുതി വകുപ്പുകള്‍ ബൈജൂസിന് നിര്‍ദേശം നല്‍കി. ബൈജൂസിന്  കേന്ദ്ര സര്‍ക്കാരിന്‍റെ നികുതി വകുപ്പ് 157 കോടി രൂപ കുടിശ്ശിക ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.  അതേസമയം ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി ബോര്‍ഡ് ഓഫ് ഇന്ത്യ വെബ്സൈറ്റിലെ രേഖകള്‍ പ്രകാരം ബൈജൂസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കര്‍ണാടക സംസ്ഥാനത്തിന്‍റെ നികുതി വകുപ്പ് കമ്പനിയോട് 691 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .ഇതോടെ കര്‍ണാടക സംസ്ഥാനത്തെ നികുതി വകുപ്പ് , കേന്ദ്ര നികുതി വകുപ്പ് എന്നിവയ്ക്കായി  850 കോടിയോളം രൂപ ബൈജൂസ് നല്‍കേണ്ടി വരും.കോടതി നിയമിച്ച പങ്കജ് ശ്രീവാസ്തവയാണ് ഇപ്പോള്‍ ബൈജൂസ് കൈകാര്യം ചെയ്യുന്നത്. ബൈജൂസില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശികകള്‍ക്കായി ക്ലെയിമുകള്‍ സമര്‍പ്പിക്കാന്‍ വായ്പാ ദാതാക്കള്‍ , ജീവനക്കാര്‍, വെണ്ടര്‍മാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, ബൈജൂസ് കടം തിരിച്ചടയ്ക്കാനുള്ള 1,887 പേര്‍ മൊത്തം 12,500 കോടി രൂപയുടെ  ക്ലെയിമുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.  ഇവ  ഭൂരിഭാഗവും പരിശോധിച്ചുക്കൊണ്ടിരിക്കുകയാണ്.

കോവിഡിന് ശേഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്.   ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി വലിയ തോതിലുള്ള വിദേശ നിക്ഷേപം പലപ്പോഴായി നേടിയിരുന്നു. 2011 നും 2023 നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ബൈജൂസിന് ലഭിച്ചു. ഏതാണ്ട് 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളര്‍ന്ന ബൈജൂസിന്‍റെ തകര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp