കടന്നുകളയാനുള്ള ശ്രമത്തിനിടെ അപകടം, വൈദ്യുതി പോസ്റ്റ് തകർന്നു, ‘നക്ഷത്ര’യെ ഉപേക്ഷിച്ച് മോഷ്ടാവ് മുങ്ങി

ഇടുക്കി: സർവീസ് അവസാനിപ്പിച്ച്  നിർത്തിയിട്ട സ്വകാര്യ ബസ് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെ ബസ്  അപകടത്തിൽപ്പെട്ടു. പിന്നാലെ വാഹനം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു. ഇടുക്കി മുനിയറയിൽ സർവീസ് അവസാനിപ്പിച്ച ശേഷം നിർത്തിയിട്ട സ്വകാര്യ ബസാണ് മോഷണം പോയത്. അടിമാലി – നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന നക്ഷത്ര എന്ന സ്വകാര്യ ബസാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ബസുമായി മോഷ്ടാവ് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ ഇന്ന് പുലർച്ചെ ബൈസൺവാലിക്ക് സമീപം നാല്പതേക്കറിൽ നിന്നുമാണ് ബസ് കണ്ടെത്തിയത്. മോഷ്ടാവ് വാഹനവുമായി കടന്നുകളയുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. ബൈസൺവാലി നാല്പതേക്കറിന് സമീപം  നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത്  മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. 

ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നതിനാൽ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് പ്രതികരണം. ഉടമയുടെ പരാതിയിൽ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സമാനമായ മറ്റൊരു സംഭവം ഇന്ന് പുലർച്ചെ കുന്നംകുളത്തും നടന്നിരുന്നു. കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. 

കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ 4.10 നാണ് ബസ് മോഷണം പോയ വിവരം ഉടമ അറിയുന്നത്. 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സിസിടിവി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പഴയ ഡ്രൈവർ പിടിയിലായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp