കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി

കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി. കണയം സെന്ററിൽ നിന്ന് ഷൊർണൂർ-നിലമ്പൂർ റെയിൽപാത കടന്നയുടനെയാണ് തിരിഞ്ഞോടിയത്. ആൾക്കൂട്ടത്തിനിടയിലൂടെ ഓടിയ ആന ആരെയും ഉപദ്രവിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുമ്പിൽ പോകുന്ന ആനയെ പാപ്പാൻമാർ മർദിക്കുന്നത് കണ്ട് പുറകെ വന്ന ആന പേടിച്ച് തിരിഞ്ഞോടുകയായിരുന്നു. പിറകെ നടന്നവരും പൂരം ആസ്വദിക്കാനെത്തിയവരും പരിഭ്രാന്തരായി. ഓടുന്നതിനിടെ പലരും ആനയുടെ മുന്നിൽ വീണു. എന്നാൽ, ആരെയും ആന ഉപദ്രവിച്ചില്ല.

ആനപ്പുറത്തുണ്ടായിരുന്നവരിൽ ഒരാൾ താഴേക്ക് വീണെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. നൂറ് മീറ്റർ പിന്നിടുമ്പോഴേക്കും പാപ്പാൻമാർ ആനയെ നിയന്ത്രണത്തിലാക്കി. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണ പലർക്കും ചെറിയ പരിക്കുണ്ട്. ചീരോത്ത് രാജീവ് എന്ന ആനയാണ് എഴുന്നള്ളിപ്പ് ആരംഭിച്ചത് മുതൽ പ്രശ്നങ്ങളുണ്ടാക്കിയത്. ഈ ആനയെ വരുതിയിൽ നിർത്താൻ പാപ്പാൻമാർ അടിക്കുകയായിരുന്നു. ഇത് കണ്ട് പേടിച്ചാണ് ചിറക്കൽ പരമേശ്വരൻ എന്ന ആന ഓടിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp