കണ്ണാടി പാലം ഇനി തിരുവനന്തപുരത്തും; ആക്കുളത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കെന്ന് മന്ത്രി റിയാസ്

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ മട്ടും ഭാവവും മാറുകയാണ്. വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ആദ്യത്തെ ഗ്ലാസ് ബ്രിജ് ആക്കുളം ടൂറിസം വില്ലേജില്‍ ആരംഭിക്കുമെന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഗ്ലാസ് ബ്രിജിനൊപ്പം ടോയ് ട്രെയിന്‍ സര്‍വീസും, വിര്‍ച്വല്‍ റിയാലിറ്റി സോണും മഡ് റെയ്സ് കോഴ്സും ആരംഭിക്കുമെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ..
തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു.
രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും.

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp