കണ്ണൂരില്‍ ഒരു വീട്ടില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ ചെറുപുഴയിലെ ഒരു വീട്ടിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാടിച്ചാൽ പൊന്നമ്പയൽ ചീമേനി റോഡിലെ വങ്ങാട് വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഷാജി എന്ന യുവാവും ശ്രീജ എന്ന യുവതിയും അവരുടെ മൂന്നു കുട്ടികളായ സൂരജ്, സുരഭി, സുജിത്ത് എന്നിവർ അടങ്ങുന്ന കുടുംബത്തെയാണ് ശ്രീജയുടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവരുമായി അകന്നു താമസിക്കുന്ന ഷാജി കഴിഞ്ഞ പതിനാറിന് ശ്രീജയെ വിവാഹം ചെയ്തതായി പറയപ്പെടുന്നു.

ഇന്ന് രാവിലെ 5 30 ഓടെ ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഇവർ തന്നെയാണ് മരിക്കുന്ന വിവരം അറിയിച്ചത്. കുട്ടികളെ സ്റ്റെയർകേസിന് സമീപവും ഇവരെ ബെഡ്റൂമിലും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം ഇവർ തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് കരുതുന്നത്.

ഷാജിയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സഹായത്തിന് എത്തിയതോടെയാണ് ശ്രീജയുമായി ഷാജി അടുക്കുന്നത്. പിന്നീട് കഴിഞ്ഞ 16ന് മീങ്കുളം ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരാവുകയായിരുന്നു. ഷാജിയുടെ ഭാര്യയും രണ്ടു മക്കളും വയക്കരയിലെ കോട്ടേഴ്സിലാണ് താമസിക്കുന്നത്. ശ്രീജയുടെ ഭർത്താവും ഇവരിൽ നിന്നും അകന്നു കഴിയുകയാണ്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.

ഷാജി ഇതിനു മുമ്പും ആത്മഹത്യക്ക് ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. മാസങ്ങൾക്കു മുമ്പ് വിഷം കഴിച്ചത് കൂടാതെ മൂന്നു ദിവസം മുമ്പ് സമീപത്തെ കൃഷിയിടത്തിൽ ഇയാൾ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാരാണ് ഇയാളെ അന്ന് രക്ഷിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp