കണ്ണൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു. ഇന്നലെയാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് കടുവയെ മയക്കുവെടി വെച്ചത്.

കടുവയെ താമസിപ്പിക്കാനുള്ള കൂടും വെറ്റിനറി ഡോക്ടര്‍മാരേയും തൃശൂര്‍ മൃഗശാലയില്‍ സജ്ജമാക്കിയിരുന്നു. രാത്രിയോടെ കടുവയെ മാറ്റാനായി വാഹനത്തില്‍ കയറ്റി തൃശൂരേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോഴിക്കോടുവച്ച് കടുവയുടെ മരണം സംഭവിച്ചത്. കമ്പിവേലിയില്‍ കുടുങ്ങിയ കടുവ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഏറെ നേരം കഴിഞ്ഞാണ് കടുവയെ പ്രദേശത്തെ ആളുകള്‍ കാണുന്നത്. അപ്പോഴേക്കും കടുവ വല്ലാതെ അവശനായി കഴിഞ്ഞിരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. ജനങ്ങളുടെ പ്രതിഷേധം കൂടി കണക്കിലെടുത്താണ് കടുവയെ തൃശ്ശൂരിലേക്ക് മാറ്റാനായി വനംവകുപ്പ് തീരുമാനമെടുത്തത്.

ഇന്നലെ വെറ്റിനറി വിദഗ്ധര്‍ കടുവയെ പരിശോധിച്ചിരുന്നെങ്കിലും പല്ലിന് മാത്രമാണ് തകരാര്‍ കണ്ടെത്തിയിരുന്നത്. പുറമേ മുറിവുകള്‍ കാണാത്ത സാഹചര്യത്തിലാണ് കടുവയെ മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു. യാത്രാമധ്യേ കടുവയ്ക്ക് ഹൃദയാഘാതം സംഭവിച്ചോ എന്നുള്‍പ്പെടെ വനംവകുപ്പ് പരിശോധിച്ചുവരികയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp