കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം: വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി എംവിഡി: മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് നല്‍കി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കത്ത് നല്‍കി. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.

അതേസമയം, മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് മൃതദേഹം കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍ കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. പരുക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രി വിട്ടു.

ഇന്നലെ, വൈകിട്ട് നാല് മണിയോടെയാണ് കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. വളക്കൈ പാലത്തിന് സമീപം സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലാണ് അപകടം. പോക്കറ്റ് റോഡില്‍ നിന്ന് ഹൈവെയിലേക്ക് ഇറങ്ങുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്ന ആളുകള്‍ ബസിനകത്ത് ഉണ്ടായിരുന്ന കുട്ടികളെ പുറത്തെടുത്ത് തളിപ്പറമ്പിലെ ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് ബസിനടിയില്‍ പെട്ട നേദ്യയെ കണ്ടതും ബസ് ഉയര്‍ത്തി പുറത്തെടുത്തതും. അപകടത്തില്‍ ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. അപകടമുണ്ടായ സമയത്ത് ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തിന്റെ സിസിടിവിയില്‍ ഉള്ള അതേ സമയത്ത് ഡ്രൈവര്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടുവെന്നാണ് ആരോപണം. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പൊലീസിന് കൈമാറി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp