കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ചെത്തുതൊഴിലാളിയുടെ വാരിയെല്ലിന് പരുക്ക്

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളിക്ക് പരുക്ക്. അമ്പലക്കണ്ടി സ്വദേശി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രസാദിന്റെ വാരിയെല്ലുകൾക്കാണ് പരുക്കേറ്റിരിക്കുന്നത്.ആറളം ഫാമിൽ കാട്ടാന ആക്രമണം പതിവ് കാഴ്ചകളിൽ ഒന്നായി മാറുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികൾക്ക് പരുക്കേറ്റത്. ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നില്‍പ്പെട്ടത്. ഫെബ്രുവരി 23 ന് ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. ആറളം ഫാം ബ്ലോക്ക് 13 ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്.രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണിത്. ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 19 ത് ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24 ന് ആറളം ഫാമിലെ ആന മതിൽ നിർമ്മാണം പൂർത്തിയാവേണ്ടതാണ്. പക്ഷേ ഇപ്പോഴും നാല് കിലോമീറ്റർ മാത്രമാണ് മതിൽ നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയാകാത്തതാണ് ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങാൻ കാരണമെന്നാണ് ആറളം നിവാസികൾ പറയുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp