കണ്‍സെഷന്‍ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട; മാറ്റം പ്രായപരിധിയില്‍ മാത്രമെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ നിലവിലെ കണ്‍സെഷന്‍ നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ അതുപോലെ തുടരുകയാണ്. അതിലൊരു മാറ്റവും ഇല്ല. മന്ത്രി വ്യക്തമാക്കി

‘അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ 65 ശതമാനം കണ്‍സെഷനുണ്ട്. വയസിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. കാരണം നിരവധി റിട്ടയേഡ് ഉദ്യോഗസ്ഥരൊക്കെ പലരും ഈവനിങ് ക്ലാസുകള്‍ക്കൊക്കെ പോകുന്നവരുണ്ട്. അവര്‍ പോലും കണ്‍സെഷനുവേണ്ടി അപേക്ഷിക്കുന്നതുകൊണ്ടാണ് പ്രായപരിധി വച്ചത്. പി ജി ക്ലാസുകളില്‍ പോലും 25 വയസിന് താഴെയുള്ളവരാണ് ഇന്നുള്ളത്. തീരുമാനം വിദ്യാര്‍ത്ഥികളെ ഒരുതരത്തിലും ബാധിക്കുന്നതല്ല’.

അര്‍ഹതയുള്ളവര്‍ക്ക് കിട്ടുന്നതാണ് കണ്‍സെഷനെന്നും അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈനിലൂടെയായിരിക്കും കണ്‍സെഷന്‍ വിതരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കിയാണ് കെഎസ്ആര്‍ടിസി മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇതുപ്രകാരം സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്കൂലിയില്‍ ഇളവുണ്ടാകും. പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ മുപ്പത് ശതമാനം ആനുകൂല്യം നല്‍കുമെന്നും കെഎസ്ആര്‍ടിസി മാര്‍ഗരേഖയില്‍ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp