കമ്പിവേലിയില്‍ പുലി കുടുങ്ങി; ആശങ്കയോടെ നാട്ടുകാര്‍

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഏവരും അറിയുന്നത്. പുലി വേലിയില്‍ കുടുങ്ങിയ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ വനംവകുപ്പ് സ്ഥലത്തെത്തി.

പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എങ്കിലും ഇത്തരത്തില്‍ ജനവാസ മേഖലകളില്‍ പുലി സ്വൈര്യവിഹാരം നടത്തുന്നുവെന്നത് മനസിലാകുമ്പോള്‍ അത് വല്ലാത്ത ആശങ്കയാണുണ്ടാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

നന്നായൊന്ന് കുതറിയാല്‍ ഒരുപക്ഷേ പുലിക്ക് ഈ കുടുക്കില്‍ നിന്ന് രക്ഷപ്പെടാം. ഇങ്ങനെ പുലി രക്ഷപ്പെട്ടാല്‍ അത് അപകടമാണ്. ഈ ആശങ്കയും പ്രദേശത്ത് നിലവിലുണ്ട്.

പുലിയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക് തിരികെ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രദേശത്ത് ആളുകളെ സുരക്ഷിതരാക്കി നിര്‍ത്താനും എത്രയും പെട്ടെന്ന് പുലിയെ പിടികൂടാനുമാണ് വനം വകുപ്പ് ശ്രമിക്കുന്നത്.

ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. വേലിക്കല്‍ പന്നിക്ക് വച്ച കുടുക്കിലാണ് പുലി വീണിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വയറും കാലുമാണ് കമ്പിയില്‍ കുരുങ്ങിയിരിക്കുന്നത്. പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വൈകാതെ തന്നെ വനംവകുപ്പ് സര്‍ജൻ സ്ഥലത്തെത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp