കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് കുട്ടനാട്ടിലെ റോഡുകള്‍.

കുട്ടനാടന്‍ റോഡുകളില്‍ ഇനി ഭൂവസ്ത്രമായി കയര്‍ ഉപയോഗിക്കും. റോഡുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി. ജൈവ ഉല്‍പന്നമായ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ അടിത്തറ ബലപ്പെടും. ശേഷം റോഡ് ഉയര്‍ത്തി ബിഎം & ബിസി നിലവാരത്തില്‍ ടാറിംഗ് ചെയ്യുന്നതാണ് രീതി. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള കുട്ടനാട്ടിലെ റോഡ് നിര്‍മാണ പ്രവൃത്തികളുടെ വിവരണം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചു.

മഴക്കാലമായാല്‍ ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത മൂലം ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാര്‍. ഇതിനൊരു പരിഹാരമായി, പ്രദേശത്തെ റോഡുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം ഉയര്‍ത്തുന്നതിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് റോഡുകളുടെ നിര്‍മാണത്തില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തത്. ഇതില്‍, അപ്പര്‍ കുട്ടനാട് മേഖലയില്‍ 30 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന തോട്ടപ്പള്ളി – കളര്‍കോട് കണക്ടിവിറ്റി റോഡുകളുടെ നവീകരണം അതിവേഗം പുരോഗമിക്കുകയാണ്.

റോഡിന്റെ അടിത്തറ ജൈവഉല്‍പന്നമായ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും റോഡ് ഉയര്‍ത്തി ബിഎം & ബിസി നിലവാരത്തില്‍ ടാറിംഗ് പ്രവൃത്തി നടത്തുകയുമാണ് ചെയ്യുന്നത്. 21 റോഡുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 14 റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കി റോഡുകളുടെ ബിസി ടാറിംഗ്, സൈഡ് കോണ്‍ക്രീറ്റിംഗ്, ഓടകള്‍ എന്നീ പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ആകെ 85 ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അപ്പര്‍ കുട്ടനാട് മേഖലയിലെ ജനങ്ങള്‍ക്ക് ആലപ്പുഴ നഗരത്തിലേക്കും, മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേയ്ക്കും വേഗത്തില്‍ എത്തിച്ചേരുവാന്‍ സഹായകരമാണ് ഈ പദ്ധതി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ പിന്നോക്ക കാര്‍ഷിക മേഖലയായ കരുമാടി, മുക്കവലയ്ക്കല്‍, മൂന്നുമൂല, മേലാത്തുംകരി, തെക്കേ മേലാത്തുംകരി എന്നീ പ്രദേശങ്ങളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്നവയാണ് ഈ റോഡുകള്‍.

വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനാകുന്ന മികച്ച രീതിയിലുള്ള റോഡുകള്‍ ഉറപ്പാക്കുന്നതിനൊപ്പം ആലപ്പുഴ ജില്ല കേന്ദ്രീകരിച്ചുള്ള പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയേയും കയര്‍ തൊഴിലാളികളേയും കൈപിടിച്ചുയര്‍ത്താനുള്ള ശ്രമംകൂടിയാണ് ഭൂവസ്ത്രത്തിന്റെ വ്യാപകമായ ഉപയോഗമെന്ന് പൊതുമരാമത്ത് മന്ത്രി വിശദീകരിക്കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp