കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റർ ഉടമകൾ രംഗത്ത്. നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിടാനാണ് തീരുമാനം. ഫിയോകിൻ്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കാൻ ഫിയോകിൻ്റെ ഭാരവാഹികൾ മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണും.
ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചിരുന്നു.
മലയാള സിനിമാ വ്യവസായം ഗൗരവമായ പ്രതിസന്ധികാലത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രമേയവൈവിധ്യത്തിലും ആഖ്യാനചാരുതയിലും പാൻ ഇന്ത്യൻ തലത്തിൽ മലയാള സിനിമ അഭിനന്ദിക്കപ്പെടുന്ന കാലമാണിതെങ്കിൽ പോലും ആഭ്യന്തര വിപണിയിൽ ഭൂരിഭാഗം സിനിമകളും പരാജയപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒടിടി റിലീസ് ആരംഭിച്ചതിന് ശേഷം പലരും തീയറ്ററിൽ പോയി സിനിമ കാണാൻ മടി കാട്ടുന്ന അവസ്ഥയുമുണ്ട്.