തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ബസുകൾ തയ്യാറാക്കി. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലാണ് ആഡംബര ബസുകള്‍ ഉളളത്. ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരോടും ഹോട്ടലിലേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയത്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 67 ഇടത്ത് കോണ്‍ഗ്രസും 31 ഇടത്ത് ബിആര്‍എസും മറ്റുള്ളവര്‍ 18 ഇടത്തുമാണ് ലീഡ് ചെയ്യുന്നത്. കെപിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ വസതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
ഡിസംബർ 9ന് സർക്കാർ രൂപീകരണം എന്ന് തെലങ്കാന കോൺഗ്രസ് ഓഫീസിനു മുന്നിൽ ഫ്ലെക്സ് ബോർഡ് പതിച്ചിട്ടുണ്ട്. കോൺഗ്രസ് ജയിക്കും എന്നും ആഘോഷങ്ങൾ ഇതിനകം തുടങ്ങി എന്നും ഫ്ലെക്സ് ബോർഡിൽ പറയുന്നു. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ക്യാംപിലെ പ്രതീക്ഷ. എന്നാൽ ബിആർഎസ് ഫലം വരും മുന്നേ കോൺഗ്രസ് എംഎൽഎമാരെ സ്വന്തം ചേരിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.