കരുവന്നൂരിൽ ഇ.ഡിക്ക് തിരിച്ചടി; രേഖകൾ ക്രൈംബ്രാഞ്ചിനു വിട്ടുനൽകണമെന്ന് ഹൈക്കോടതി

കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) തിരിച്ചടി. ബാങ്കിൽനിന്നു പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിനു വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രേഖകൾ ഇ.ഡി നൽകുന്നില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയെ ക്രൈംബ്രാഞ്ച് സമീപിക്കുകയായിരുന്നു. രണ്ടു മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി.

കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷിക്കുന്ന കേസിന് ആധാരം ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആർ ആണെന്നും ഇതിൽ കുറ്റപത്രം സമർപ്പിക്കണമെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യമാണ് എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ ആവശ്യവുമായി ഇ.ഡിയെ സമീപിച്ചെങ്കിലും അനുകൂലമായല്ല അവർ പ്രതികരിച്ചത്. ഇ.ഡിയിൽനിന്നു രേഖകൾ ആവശ്യപ്പെട്ടു വിചാരണ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയിൽ ഇ.ഡി നൽകിയ 90 രേഖകൾ കൈമാറണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഈ രേഖകൾ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാനാണെന്നും ഒപ്പുകൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നേരത്തേ ഫൊറൻസിക് ലാബ് ഡയറക്ടറെയും അസി. ഡയറക്ടറെയും കോടതി സ്വമേധയാ കക്ഷിചേർത്തിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp