കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അറസ്റ്റ് ഒഴിവാക്കാന്‍ എ സി മൊയ്തീന്‍ കോടതിയെ സമീപിച്ചേക്കും

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ എ സി മൊയ്തീന്‍ കോടതിയെ സമീപിച്ചേക്കും. പാര്‍ട്ടിയിലെ മുതിര്‍ന്ന അഭിഭാഷകരോട് മൊയ്തീന്‍ ഇത് സംബന്ധിച്ച് നിയമോപദേശം തേടിയെന്നാണ് വിവരം. ഇന്നലെ നടത്തിയ റെയ്ഡ് വിവരങ്ങള്‍ പരിശോധിച്ച ശേഷം മൊയ്തീന്റെ കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്നാണ് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് എ സി മൊയ്തീന്‍ ഇ ഡിയെ അറിയിച്ചിരുന്നു. റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ഇ ഡി ഓഫിസിലെത്തിയ ശേഷം റെയ്ഡ് വിവരങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷം ഇന്ന് വൈകീട്ടോടെയാകും എ സി മൊയ്തീന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുക.

സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഇഡി എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. തൃശൂരില്‍ മാത്രം ആറ് ബാങ്കുകളിലും എറണാകുളത്ത് മൂന്നിടത്തും ആണ് ഇഡി പരിശോധന നടന്നത്. കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ ബാങ്കുകളിലും പരിശോധന നടന്നു. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കില്‍ കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാര്‍ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp