കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. തൃക്കാകര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.