കളക്ടര്‍ നവീന്റെ ട്രാന്‍സ്ഫര്‍ വൈകിപ്പിക്കാന്‍ ശ്രമിച്ചു, അവധി നല്‍കാനും മടിച്ചിരുന്നു; അരുണ്‍ കെ വിജയനെതിരെ നവീന്റെ കുടുംബം

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ നവീന്‍ ബാബുവിന് അവധി അനുവദിക്കാന്‍ ഉള്‍പ്പെടെ വിമുഖത കാട്ടിയിരുന്നതായി നവീന്റെ ബന്ധുക്കളുടെ മൊഴി. പത്തനംതിട്ടയിലേക്കുള്ള നവീന്റെ ട്രാന്‍സ്ഫര്‍ കളക്ടര്‍ വൈകിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു. ട്രാന്‍സ്ഫര്‍ വൈകിപ്പിക്കാന്‍ കളക്ടര്‍ ശ്രമിച്ചെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനനും പ്രതികരിച്ചു.കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തില്‍ തന്നെയാണ് നവീന്‍ ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത കൂടുതല്‍ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പി പി ദിവ്യയുടെ പരാമര്‍ശങ്ങളെക്കുറിച്ച് കളക്ടര്‍ക്ക് മുന്‍കൂര്‍ അറിവെന്ന് സംശയിക്കുന്നതായുംകളക്ടര്‍ ഇടപെടാതിരുന്നത് ഞെട്ടിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്ന പിപി ദിവ്യയുടെ വാദവും ജീവനക്കാര്‍ നിരാകരിക്കുന്നു. ദിവ്യയെ ക്ഷണിച്ചതായി സ്റ്റാഫ് കൗണ്‍സിലില്‍ ആര്‍ക്കും അറിവില്ലെന്നും ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കളക്ടര്‍ക്കെതിരെയും പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ മാറ്റാന്‍ സാധ്യതയുണ്ട്. നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തില്‍ കളക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം നടക്കുന്നത്. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp