കളക്ടറുടെ വിളികേട്ടു; ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അര്‍ജുന്‍

സിനിമയ്ക്ക് പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് അല്ലു അര്‍ജുന്‍. മലയാളികള്‍ക്ക് അത്രത്തോളം പ്രിയപ്പെട്ട അന്യഭാഷാ നടന്മാരില്‍ അല്ലുവിന്റെ പേര് മുന്നിലുണ്ടാകും. ഇപ്പോള്‍ പഠനം പ്രതിസന്ധിയിലായ മലയാളി വിദ്യാര്‍ത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അര്‍ജുന്‍ വീണ്ടും കേരളത്തിന് പിയപ്പെട്ടവനാകുകയാണ്.

ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ് ആണ് മലയാളി വിദ്യാര്‍ത്ഥിനിയുടെ പഠനത്തിനായി അല്ലു അര്‍ജുന്റെ സഹായം തേടിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും ജീവിത സാഹചര്യങ്ങള്‍ പെണ്‍കുട്ടിയുടെ തുടര്‍പഠനത്തിന് വെല്ലുവിളിയാകുകയാരുന്നു. തുടര്‍ന്ന് വീആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി സഹായം ഉറപ്പാക്കാന്‍ തീരുമാനിച്ചു. നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്പോണ്‍സര്‍ വേണമായിരുന്നു. തുടര്‍ന്ന് കളക്ടര്‍ തന്നെ അല്ലു അര്‍ജുനെ വിളിച്ചു. നാല് വര്‍ഷത്തേക്കുമുള്ള ഹോസ്റ്റല്‍ ഫീ അടക്കം മുഴുവന്‍ പഠന ചിലവും അല്ലു അര്‍ജുന്‍ ഏറ്റെടുത്ത വാര്‍ത്ത കളക്ടര്‍ തന്നെയാണ് ഫേ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചത്.

കളക്ടറുടെ കുറിപ്പ്;

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള്‍ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ഈ മോളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാല്‍ വീആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

നഴ്സ് ആകാനാണ് ആഗ്രഹമെന്നാണ് മോള്‍ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്‌സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു. നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്പോണ്‍സര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം അല്ലു അര്‍ജുനെ വിളിക്കുകയും കേട്ട പാടെ തന്നെ ഒരു വര്‍ഷത്തെയല്ല മറിച്ച് നാല് വര്‍ഷത്തേക്കുമുള്ള ഹോസ്റ്റല്‍ ഫീ അടക്കമുള്ള മുഴുവന്‍ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

ഞാന്‍ തന്നെ കഴിഞ്ഞ ദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനേയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്‌സായി മാറും. ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെന്റ് തോമസ് കോളജ് അധികൃതര്‍, പഠനത്തിനായി മുഴുവന്‍ തുകയും നല്‍കി സഹായിക്കുന്ന അല്ലു അര്‍ജുന്‍, വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍കുന്ന നിങ്ങള്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി’.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp