കളമശേരി സ്‌ഫോടനത്തില്‍ മരണസംഖ്യ ആറായി; ചികിത്സയിലിരിക്കെ മരിച്ചത് മലയാറ്റൂര്‍ സ്വദേശി

കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലായിരുന്ന പ്രവീണ്‍ (26) ആണ് മരിച്ചത്. മലയാറ്റൂര്‍ സ്വദേശിയായ പ്രവീണിന്റെ മാതാവ് റീന, സഹോദരി ലിബിന എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സഹോദരന്‍ രാഹുലിനും സ്ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സ്‌ഫോടനത്തില്‍ പരുക്കേറ്റ 11 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.

ബുധനാഴ്ചയാണ് കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഈ മാസം 29വരെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തത്. സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്നാണ് മാര്‍ട്ടിന്‍ ആവര്‍ത്തിക്കുന്നത്. സ്ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടത്തിയിരുന്നു.

ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ സ്ഫോടനം നടത്തിയ ഡൊമിനിക്ക് മാര്‍ട്ടിന്‍ സ്വയം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp