കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അന്വേഷണം. ഡൊമനിക് മാര്‍ട്ടിന്‍ ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അന്വേഷിക്കുക.പ്രതിക്കെതിരെ ചുമത്തിയിരുന്ന യുഎപിഎ നേരത്തെ ഒഴിവാക്കിയിരുന്നു. കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് പ്രതിയെന്നും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.

ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്‌ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു. സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.വീട്ടില്‍ വെച്ചാണ് ഇയാള്‍ സ്‌ഫോടക വസ്തു തയ്യാറാക്കിയത്. രണ്ട് മാസം മുമ്പേ സ്‌ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കി പഠിച്ചു. സ്‌ഫോടനത്തിന്റെ തലേദിവസം ബോംബ് നിര്‍മ്മിച്ചു. പുലര്‍ച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടില്‍ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലെ പ്രാര്‍ത്ഥനാ ഹാളിലെത്തി. സ്‌കൂട്ടറിലാണ് എത്തിയത്. കസേരകള്‍ക്കിടയിലാണ് ബോംബ് വെച്ചു. നാല് റിമോട്ടുകള്‍ വാങ്ങിയിരുന്നു അതില്‍ രണ്ടെണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിലുണ്ട്. ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നല്‍കിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp