മുംബൈ: ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ മാൻഖുർദിൽ വെള്ളിയാഴ്ചയാണ് അപകടം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ രേഷ്മ ഖരവി എന്ന പെൺകുട്ടിക്കാണ് ജീവൻ നഷ്ടമായത്.
കുട്ടിയുടെ മരണത്തിൽ കേസെടുത്ത പോലീസ് ഹൗസിങ് സൊസൈറ്റി ചെയർമാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തു. ഹൗസിങ് സൊസൈറ്റിയുടെ ചെയർമാൻ, സെക്രട്ടറി എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പോലീസ് ഇൻസ്പെക്ടർ മഹാദേവ് കാംബ്ലെ അറിയിച്ചു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഹൗസിങ് സൊസൈറ്റിയുടെ അനാസ്ഥ മൂലമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു.
ഒളിച്ച് കളിക്കുന്നതിനിടെ കൂട്ടുകാരെ അന്വേഷിക്കുന്നതിനിടെ രേഷ്മയുടെ തല ലിഫ്റ്റിൻ്റെ പുറമെയുള്ള വാതിലിൽ കുടുങ്ങുകയായിരുന്നു. ലിഫ്റ്റിന് പുറമെയുള്ള വാതിലിൻ്റെ ജനൽ പോലെയുള്ള ഭാഗത്ത് കൂടി തലയിട്ട് നോക്കുന്നതിനിടെ ലിഫ്റ്റ് താഴത്തെ നിലയിലേക്ക് നീങ്ങുകയും കുട്ടിയുടെ തല കുടുങ്ങുകയുമായിരുന്നു.
രേഷ്മയുടെ സുഹൃത്തായ കുട്ടിയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. രേഷ്മയുടെ തല ലിഫ്റ്റിൽ കുടുങ്ങിയ നിലയിലായിരുന്നു. മിനിറ്റുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴ് നിലകളുള്ള കെട്ടിട സമുച്ചയത്തിൽ അഞ്ച് ദിവസം മുൻപാണ് ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കിയത്. കെട്ടിടത്തിൻ്റെ അഞ്ചാം നിലയിലാണ് രേഷ്മയുടെ മുത്തശി താമസിച്ചിരുന്നത്.