കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാൻ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന മരുന്നുകളിൽ ഇനി മുതൽ ക്യു.ആർ കോഡ് പതിപ്പിക്കും. ഈ കോഡ് സ്കാൻ ചെയ്താൽ മരുന്നുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും.
ആദ്യ ഘട്ടത്തിൽ 300 ഇനം മരുന്നുകളിൽ ക്യു.ആർ കോഡ് പതിപ്പിക്കാനാണ് സർക്കാർ നീക്കം. നൂറ് രൂപയ്ക്ക് മുകളിൽ വില വരുന്ന ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ, ആന്റി-അലർജിക് മരുന്നുകൾ എന്നിവ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.
വ്യാജ മരുന്നുകൾ വിപണിയിൽ കൂടി വരുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് പുതിയ നടപടി. നേരത്തെ അബോട്ട് കമ്പനി പുറത്തിറക്കുന്ന തൈറോനോം എന്ന മരുന്നിന്റെ വ്യാജൻ വിപണിയിലെത്തിയിരുന്നു. ഗ്ലെൻമാർക്കിന്റെ രക്സമ്മർദ ഗുളികയായ ടെൽമ എച്ചിന്റേയും വ്യാജൻ പുറത്തിറങ്ങിയിരുന്നു.