കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി; ആലപ്പുഴയിൽ കൂടുതല്‍ ജാഗ്രത

ആലപ്പുഴ: ആലപ്പുഴയിൽ കൂടുതൽ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിത മാക്കാൻ കൂടുതൽ സംഘത്തെ നിയോഗിക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമെന്ന് മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രതികരിച്ചു.

പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കും. ഇവിടങ്ങളിൽ 6,069 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്. കൊച്ചിയിൽ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാകും പ്രതിരോധ പ്രവർത്തനങ്ങൾ. എന്നാൽ രോഗം ബാധിച്ച കാക്കകളെ എന്ത് ചെയ്യുമെന്നതിൽ വ്യക്തതയില്ല. കള്ളിങ് നടത്തിയ ജീവനക്കാർ ഭൂരിഭാഗവും ക്വാറന്‍റീനിൽ ആയത് മൃഗസംരക്ഷണ വകുപ്പിന്റെ ജോലികളെയും ബാധിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp