തിരുവനന്തപുരത്ത്: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി തെരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തിലാണ് രണ്ടാം ദിനത്തിലെ രക്ഷാദൗത്യം. ആദ്യം മാലിന്യം നീക്കം ചെയ്തതശേഷം മാൻഹോളിൽ ഇറങ്ങിയുള്ള തെരച്ചിലാണിപ്പോള്‍ നടക്കുന്നത്. മാലിന്യം നീക്കം ചെയ്യാൻ കൂടുതല്‍ റോബോട്ടുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഫയര്‍ഫോഴ്സ് സ്കൂബ ടീമും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യാനാണ് ശ്രമമെന്നും ചെളിയും മാലിന്യവുമുള്ളതിനാല്‍ തൊഴിലാളി അധികം മുന്നിലേക്ക് പോകാൻ സാധ്യതയില്ലെന്നും എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ പ്രതീഷ് പറഞ്ഞു. റോബോട്ടിക് സംവിധാനം ഉപയോഗിച്ചും ഫയര്‍ഫോഴ്സിന്‍റെയും മറ്റും സഹായത്തോടെ സംയുക്തമായിട്ടായിരിക്കും മാലിന്യം നീക്കം ചെയ്യുകയെന്നും പ്രതീഷ് പറഞ്ഞു.
ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജും സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഒമ്പത് മണിയോടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. റെയിൽവേയുടെ മൂന്നാം പ്ലാറ്റ്ഫോമിന്റെ സമീപത്തുള്ള മാൻ ഹോളിലൂടെ ഇറങ്ങിയുള്ള പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മാലിന്യം നീക്കം ചെയ്തശേഷമാണ് മാൻഹോളില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇറങ്ങുന്നത്. ഫയർഫോഴ്സിന്റെ രൂപ ഡൈവിംഗ് ടീം ആണ് ഇറങ്ങിയത്. ഇതോടൊപ്പം ജോയിയെ കാണാതായ തമ്പാനൂര്‍ ഭാഗത്തെ തോട്ടിൽ നിന്നും മാലിന്യം നീക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
ഇതിനിടെ, വെള്ളത്തിനടയിൽ പരിശോധന നടത്താനുള്ള ഡ്രാക്കോ റോബോട്ടിനെ ഉപയോഗിക്കാനും തീരുമാനിച്ചു.റിഫനറികളുടെ പ്രവർത്തനത്തിനായി രൂപകല്പന ചെയ്ത മെഷീൻ ആദ്യമായാണ് വെളളത്തിൽ ഉപയോഗിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒരുമണിവരെ തെരച്ചില്‍ നടന്നെങ്കിലും കാണാതായ ജോയിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി ടണലില്‍ കയറിയുള്ള തെരച്ചില്‍ അപകടം നിറഞ്ഞതാണെന്ന എന്‍ഡിആര്‍എഫിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരുമണിയോടെ തെരച്ചില്‍ നിര്‍ത്തിയത്.